മണലിൽ പണിതവനും ശിലയിൽ പണിതവനും എന്നൊക്കെ ക്രിസ്തു പറയുന്നതിനിടയിലെ അകലമാണിത്. അറിവ് ഒരു മണൽക്കൂമ്പാരമാണ്. അതിനുമുകളിൽ ക്രിസ്തുവിനോടുള്ള നിലപാടിന്റെ വീട് പണിയുകയാണെങ്കിൽ നാളെ തീർച്ചയായും കാറ്റും മഴയുമുണ്ടാകുമ്പോൾ അതിളകിത്തുടങ്ങും. വ്യത്യസ്തമോവിപരീതമോ ആയ ഏറ്റവും ചെറിയ അറിവുപോലും കാറ്റായും മഴയായും മാറി ഭവനത്തെ ഉലയ്ക്കും. എന്നാൽ, അനുഭവങ്ങളുടെ ശിലമേൽ വീടുപണിയുക. കാറ്റും മഴയുമൊന്നും ആർക്കും ഒഴിവാക്കാനാവില്ല. പക്ഷേ, അതിനെയും അതിജീവിക്കാൻ ഈ ശിലയ്ക്ക് കെല്പുണ്ട്. നാളെ ജീവിതത്തിൽ അനർത്ഥങ്ങളുടെ അഗ്നിമഴ പെയ്താലും ദൈവം സ്നേഹമാണെന്ന അനുഭവദാർഢ്യങ്ങളെ ഉലയ്ക്കാൻ അവമതിയാവുന്നില്ല.